തിരുവനന്തപുരം: പിഎസ്സി നടത്തിയ ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രകാരം ഒന്നാം റാങ്ക് നേടിയ ശ്യാം കൃഷ്ണനു നിയമനം നല്‍കാനുള്ള നീക്കം പിഎസ്സി വേഗത്തിലാക്കി.
ഇതോടൊപ്പം മുന്‍പ് ക്രമക്കേടിലൂടെ നിയമിക്കപ്പെട്ട അരുണ്‍ ജെ. പ്രതാപിനെ പിരിച്ചുവിടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പിഎസ്സി നല്കിയ നിയമന നടപടി റദ്ദാക്കുകയാണ് ആദ്യ നടപടി. പിഎസ്സി ചട്ടം 3 സി അനുസരിച്ചാണ് പിഎസ്സിക്ക് ഇത്തരത്തില്‍ നടപടിയെടുക്കുന്നതിന് അധികാരമുള്ളത്.
അഡൈ്വസ് മെമ്മോ നല്കി ഒരു വര്‍ഷത്തിനുള്ളിലാണ് അത് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അരുണ്‍ ജെ. പ്രതാപിന്റെ നിയമനം നടന്ന് ഒരു വര്‍ഷം കഴിഞ്ഞതിനാല്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പിനാണ് നടപടിയെടുക്കുന്നതിനുള്ള അധികാരമെന്നാണ് വിവരം.
അതുകൊണ്ടുതന്നെ ഇത് നിയമ പേരാട്ടത്തിലേക്കും വഴിതെളിച്ചേക്കാം. തന്റേതല്ലാത്ത കാരണത്താല്‍ നിയമനം റദ്ദാക്കി എന്നു ചൂണ്ടിക്കാട്ടി അരുണ്‍ ജെ. പ്രതാപ് കോടതിയെ സമീപിച്ചാല്‍ അത് നീണ്ട നിയമ പേരാട്ടത്തിനു വഴിതെളിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് പിഎസ്സി നടത്തുന്നതെന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ ആരോപണം.
എഫ്ഐആര്‍ റദ്ദാക്കാന്‍ കോടതിയില്‍ പോയത് ദുരൂഹമാണ്. ബോധപൂര്‍വമായ അട്ടിമറിക്കാണ് പിഎസ്സി ശ്രമിക്കുന്നതെന്നും ക്രൈം ബ്രാഞ്ച് വാദിക്കുന്നു.